ജയിലിൽക്കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി
Friday, August 22, 2025 4:42 PM IST
ന്യൂഡല്‍ഹി: ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവരെ നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിര്‍മാണം അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാല്‍ ചില മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അല്ലെങ്കില്‍ പ്രധാനമന്ത്രിമാര്‍ പോലും ജയിലില്‍ കഴിയുമ്പോള്‍ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
ഒരു സര്‍ക്കാര്‍ ജീവനക്കാരനെ 50 മണിക്കൂര്‍ തടവിലാക്കിയാല്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാര്‍ക്കായാലും പ്യൂണായാലും എല്ലാം. എന്നാല്‍ ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ നിന്നുപോലും സര്‍ക്കാരിന്റെ ഭാഗമായി തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി തുടര്‍ന്ന അരവിന്ദ് കേജരിവാളിന്റെ അനുഭവം മോദി പരാമര്‍ശിച്ചു. കുറച്ചുകാലം മുമ്പ്, ജയിലില്‍നിന്ന് ഫയലുകള്‍ ഒപ്പിടുന്നതും സര്‍ക്കാര്‍ ഉത്തരവുകള്‍ ജയിലില്‍നിന്ന് നല്‍കുന്നതും നമ്മള് കണ്ടു.
നേതാക്കള്‍ക്ക് അത്തരമൊരു മനോഭാവമുണ്ടെങ്കില്‍, നമുക്ക് എങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും. എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയില്‍ വരുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.