കാര്യവട്ടത്തിന് നിരാശ! വനിതാ ഏകദിന ലോകകപ്പ് തിരുവനന്തപുരത്തേക്കില്ല
Friday, August 22, 2025 3:18 PM IST
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് നിരാശ. ഇന്ത്യ ആതിഥ്യംവഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മത്സരങ്ങൾ മാറ്റാൻ തീരുമാനിച്ചത്.
എന്നാൽ തിരുവനന്തപുരത്ത് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരങ്ങൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റി. ലോകകപ്പ് വേദികൾ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു.
വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിനടക്കം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഗോഹട്ടിയാണ് വേദിയാകുന്നത്.
ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, വിശാഖപട്ടണം, നവി മുംബൈ, ഇൻഡോർ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ നടക്കുന്നത്.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 29, 30 തീയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങളും നവംബര്‍ രണ്ടിന് ഫൈനലും നടക്കും.