"നിമിഷപ്രിയയുടെ വധശിക്ഷ രണ്ടു ദിവസത്തിനകം നടപ്പാക്കും': മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി
Friday, August 22, 2025 2:47 PM IST
ന്യൂഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ.എ. പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകുന്നതില് നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് പോൾ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും കെ.എ. പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി ആവശ്യപ്പെട്ടു.
ആക്ഷൻ കൗൺസിൽ അഭിഭാഷകനായ സുഭാഷ് ചന്ദ്രനെയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെയും പ്രതികരണങ്ങളിൽ നിന്നും വിലക്കണമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന് മുമ്പാകെ പോൾ ആവശ്യപ്പെടുന്നു.
സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടാളികളും, കാന്തപുരം പോലുള്ള വ്യക്തികളും തങ്ങള്‍ പണം നല്‍കിയെന്ന് പറയുന്നു. തങ്ങള്‍ ചര്‍ച്ച നടത്തിയെന്നും പറയുന്നു. എന്നാല്‍ അവരെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. അവരുമായി തനിക്ക് ഒരു ബന്ധവുമില്ല, അവരില്‍ നിന്ന് ഒരു ഡോളര്‍ പോലും ലഭിച്ചിട്ടില്ലെന്നും കെ.എ. പോള്‍ അറിയിച്ചു.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്നും അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും സുപ്രീംകോടതി അറിയിച്ചു.