പ്രതിഷേധത്തിന് സാധ്യത; വീട്ടിൽതന്നെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ, പരിപാടികൾ റദ്ദാക്കി
Friday, August 22, 2025 1:14 PM IST
അടൂർ: വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തന്നെ തുടരുന്നു. വ്യാഴാഴ്ചയാണ് പാലക്കാട്ട് നിന്നു കുടുംബവുമായി പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലെത്തിയത്.
അതേസമയം, മണ്ഡലത്തിലും പുറത്തുമായി നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഒരു പരിപാടികളിലും രാഹുൽ പങ്കെടുക്കുന്നുമില്ല. വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കാൻ മാത്രമാണ് അദ്ദേഹം വീടിനു പുറത്തെത്തിയത്.
രാഹുലിനു നേരെ ഇന്നും പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു. ചില പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും നേതാക്കളും മാത്രമാണ് വീട്ടിലെത്തുന്നത്.