ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകം: സമീപവാസിയായ പ്രതി അറസ്റ്റിൽ
Friday, August 22, 2025 11:12 AM IST
ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. സമീപവാസിയായ അബൂബക്കര്‍ (68) ആണ് പിടിയിലായത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് ഹംലത്തിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നിലെ വാതിൽ ചവിട്ടിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകു പൊടി വിതറിയിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകൾ കണ്ടെത്തി.
ഹംലത്തിന്റെ ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു. ഹംലത്തിന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തിയിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. സംശയം തോന്നിയ പത്തിലധികം ആളുകളെ ചോദ്യം ചെയ്തു.