ചേർത്തലയിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗൺ നിര്‍മാണത്തിനിടെ തട്ട് ഇടിഞ്ഞുവീണു; നാല് പേർക്ക് പരിക്ക്
Friday, August 22, 2025 11:07 AM IST
ആലപ്പുഴ: ചേർത്തലയിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗൺ നിര്‍മാണത്തിനിടെ തട്ട് ഇടിഞ്ഞുവീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ആയിരുന്നു സംഭവം.
പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം. സ്വകാര്യ കമ്പനിയുടെ ഗോഡൗണ്‍ നിര്‍മാണം നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൊച്ചിയിലെ ഒരു കോണ്‍ട്രക്ടറിനാണ് ഇതിന്റെ നിര്മാണ് ചുമതല. ഇയാളുടെ തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകട സമയത്ത് 30 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കെട്ടിടത്തിന്റെ മേല്‍തട്ടില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിറക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. തട്ട് ഇടിഞ്ഞു താഴെ വീണ് കമ്പിയും പട്ടികയും ആണിയും കുത്തിയേറ്റാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഇതില്‍ കൊച്ചി സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം കെട്ടിടനിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈ പ്രദേശം മുമ്പ് കൃഷിയിറക്കിയിരുന്ന പാടശേഖരമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.