രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയില്ല; പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താൻ ചർച്ചകൾ സജീവം
Friday, August 22, 2025 7:21 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോൺഗ്രസ്. സമിതിയെ നിയോഗിച്ച് അന്വേഷണം നടത്താനും ധാരണയായി. എം. മുകേഷ് എംഎൽഎയായി തുടരുന്നതടക്കം ഉന്നയിച്ച് പ്രതിരോധിക്കും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും തുടരും. രാഹുലിന്റെ വീട്ടിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്. രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾക്കും സാധ്യതയുണ്ട്.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളും സജീവമായി. നിലവിലെ വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, ഒ.ജെ. ജനീഷ്, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ കെഎസ്യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
കെ.സി. വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിൽ രാഹുൽ പ്രസിഡന്റായ സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിലൊന്നാണ്. ദേശീയ കമ്മിറ്റി പുനസംഘടനയിൽ പരിഗണിക്കപ്പെടാതെ പോയ കെ.എം. അഭിജിത്തിനായി കേരളത്തിലെ മുതിർന്ന നേതാക്കൾ നീക്കം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. സ്ഥിരം പ്രസിഡന്റിനെ വയ്ക്കണോ താത്കാലിക ചുമതല നൽകണോ എന്നകാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും.