കൊലപാതകശ്രമം: ഒളിവിൽപ്പോയ പ്രതി പിടിയിൽ
Friday, August 22, 2025 4:35 AM IST
പനങ്ങാട്: കൊലപാതകശ്രമക്കേസിൽ ഒളിവിൽപ്പോയ പ്രതിയെ പിടികൂടി. പനങ്ങാട് കിഴപ്പിള്ളിൽ വീട്ടിൽ ലിനിൽ കുമാറി(47)നെയാണു പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17ന് വൈകുന്നേരം പനങ്ങാട് അരിയശേരി വീട്ടിൽ ജിത്തു എന്ന സനിത്തിനെ (34) കത്തിക്കു കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
സംഭവദിവസം പകൽ ലിനിൽ കുമാറിന്റെ മകനും കൂട്ടുകാരുമായി വീടിനു സമീപത്തെ റോഡിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ സനിത്തിന്റെ അമ്മയുടെ ദേഹത്തു കൊണ്ടതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നു.
അന്നേ ദിവസം രാത്രി ഏഴോടെ പ്രതിയും സനിത്തുമായി വീണ്ടും തർക്കമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സനിത്തിനെ കുത്തുകയായിരുന്നു.