സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രെയിനില്‍ റഷ്യൻ ആക്രമണം
Friday, August 22, 2025 12:31 AM IST
കീവ്: സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രെയിനില്‍ മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണം നടത്തി റഷ്യ. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന് വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പ്രതികരിച്ചു.
574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ന് അറിയിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ട്രാന്‍സ്കാര്‍പാത്തിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയാറാണെന്ന് യുക്രൈന് പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.