രാഹുൽ ഒരു നിമിഷം പോലും എംഎൽഎ പദവിയിലിരിക്കാൻ അർഹനല്ല; രാജിവയ്ക്കും വരെ പ്രതിഷേധിക്കും: മഹിളാ മോർച്ച
Thursday, August 21, 2025 4:25 PM IST
കോഴിക്കോട്: സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു നിമിഷം പോലും ആ പദവിയിലിരിക്കാൻ അർഹനല്ലെന്ന് മഹിളാ മോർച്ച. ജനാധിപത്യത്തെ അപമാനിച്ച എംഎൽഎ രാജിവയ്ക്കണമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി സ്ത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുവാൻ ആരെല്ലാം ശ്രമിച്ചാലും എംഎൽഎ രാജിവയ്ക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി സംസ്ഥാനത്തെ മുഴുവൻ വനിതകളും തെരുവിലിറങ്ങുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. സമാധാനപരമായി എംഎൽഎ ഓഫീസിലേക്ക് സമരം ചെയ്ത മഹിളാ മോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അപലപനീയമെന്നും നവ്യാ ഹരിദാസ് പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി.