ആന്ധ്രാപ്രദേശിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു
Thursday, August 21, 2025 12:54 PM IST
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു.
ബുധനാഴ്ച സ്കൂൾ കഴിഞ്ഞ് വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയ കുട്ടികളാണ് മരിച്ചത്. സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ ബീമേഷ്, വിനയ്, മഹാബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്.
10 വയസിന് താഴെയുള്ള ഏഴ് വിദ്യാർഥികളാണ് മഴപെയ്ത് വെള്ളം നിറഞ്ഞ കുഴിക്ക് സമീപമെത്തിയത്. ആറ് കുട്ടികൾ വെള്ളത്തിലിറങ്ങിയെങ്കിലും ഒരു കുട്ടി മാത്രം കരയിൽ നിന്നു. ഈ കുട്ടി നിലവിളിച്ചതോടെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.
വിവരം ലഭിച്ചയുടൻ ആളൂർ എംഎൽഎ വീരുപക്ഷി, ആർഡിഒ ഭരത് നായിക്, സിഐ ഗംഗാധർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, കുടുംബങ്ങൾക്ക് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.