യുവനേതാവിനെതിരായ ആരോപണം: പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി റിനി ജോര്‍ജ്
Thursday, August 21, 2025 11:32 AM IST
കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് നടി റിനി ആന്‍ ജോര്‍ജ്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണെന്നും അവർ കൂട്ടിച്ചേർത്തു.
സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. വെളിപ്പെടുത്തലിനു ശേഷം താന്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും മറ്റ് വഴിയില്ലെങ്കില്‍ പേരു വെളിപ്പെടുത്തുമെന്നും റിനി പറഞ്ഞു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരേ റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ഹു കെയേഴ്സ് എന്നാണ് നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ച് നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.