രാഹുൽ മാങ്കൂട്ടത്തിലിന് പകരമാര്..? അബിൻ വർക്കിയും കെ.എം.അഭിജിത്തും പരിഗണനയിൽ
Thursday, August 21, 2025 10:30 AM IST
തിരുവനന്തപുരം: യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സാധ്യത പട്ടികയിൽ അബിൻ വർക്കിയുടെയും കെ.എം. അഭിജിത്തിന്റെയും പേരുകൾ.
യുവ നടിയുടെയും എഴുത്തുകാരിയുടെയും വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നീക്കം ചെയ്യണമെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെയാണ് ഇരുവരുടെയും പേരുകൾ ഉയർന്നുവന്നത്. തൽക്കാലം എംഎൽഎ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ തുടരട്ടെയെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ രാഹുലിനെതിരെ കടുത്ത നിലപാട് ആവശ്യപ്പെട്ടതായാണ് സൂചന.
നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരനാണ് രംഗത്തെത്തിയത്.
രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി പറഞ്ഞു.
രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്.
എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് തന്നെ പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹണി പങ്കുവെച്ചിരുന്നു.
രാഹുലിന് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് നല്കട്ടെയെന്നും ഹണി ഭാസ്കരന് വെല്ലുവിളിച്ചു.
അതേസമയം, സമൂഹമാധ്യമം വഴിയാണു യുവനേതാവിനെ പരിചയപ്പെട്ടതെന്നാണ് യുവ നടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയത്. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്. തുടക്കം മുതൽ മോശം മെസേജുകൾ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും ക്ഷണിച്ചു. പാർട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോൾ ‘പോയി പറയ്, ഹൂ കെയേഴ്സ്’ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു.
അതേസമയം, ആരോപണവിധേയനായ നേതാവിന്റെ പേര് വെളിപ്പെടുത്താൻ നടി തയാറായില്ല. ആരോപണ വിധേയന്റെ പാർട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു.