ജനസമ്പർക്ക പരിപാടിക്കിടെയിലെ ആക്രമണം; ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം
Thursday, August 21, 2025 9:25 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ സുരക്ഷവർധിപ്പിക്കാൻ തീരുമാനം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ച് ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജനസമ്പർക്ക പരിപാടികളിൽ മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കുമെന്നാണ് റിപ്പോർട്ട്. ഇനി മുതൽ ഒരു വ്യക്തിക്കും മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാൻ അനുവാദമുണ്ടാകില്ല.
ജനസമ്പർക്ക പരിപാടികളിൽ സമർപ്പിക്കപ്പെടുന്ന എല്ലാ പരാതികളും പരിഗണിക്കുന്നതിന് മുമ്പ് മുൻകൂർ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ, രേഖ ഗുപ്തയ്ക്ക് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.