കേരളത്തിലേക്ക് എംഡിഎംഎ കടത്ത് വർധിക്കുന്നു
Thursday, August 21, 2025 7:57 AM IST
കൊച്ചി: കേരളത്തിലേക്ക് കടത്തുന്ന എംഡിഎംഎയുടെ അളവ് വർധിക്കുന്നു. അഫ്ഗാനിസ്താനിൽ ഉത്പാദിപ്പിക്കുന്ന എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ കേരളത്തിലേക്ക് കടത്തുന്നതാണ് വർധിച്ചിരിക്കുന്നത്.
വീര്യമേറിയ എംഡിഎംഎയാണ് അഫ്ഗാനിൽ നിന്നെത്തുന്നത്. കേരളത്തിലേക്ക് വിദേശത്തുനിന്നുള്ള എംഡിഎംഎയുടെ വരവ് ഈ വർഷം വർധിച്ചതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇറാൻ തുറമുഖത്തെത്തിക്കുന്ന ലഹരി ഒമാൻ, ഖത്തർ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴിയുള്ള ഇത്തരം ലഹരിയുടെ വരവ് ആറുമാസത്തിനിടെ കൂടിയിട്ടുണ്ട്. ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ വിലയുള്ള ലഹരി ഒരു കിലോയിലധികം വരെ ഒരാളിൽനിന്ന് പിടികൂടിയിട്ടുണ്ട്.
വിമാനത്താവളങ്ങൾ വഴിയെത്തുന്നത് ഇത്തരത്തിൽ വലിയ അളവിലുള്ള ലഹരിയാണ്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നു മാത്രം ഈ വർഷം 100 കോടിയിലധികം രൂപയുടെ മൂല്യമുള്ള ലഹരിയാണ് പിടികൂടിയത്. ഇതോടൊപ്പം ഹൈബ്രിഡ് കഞ്ചാവിന്റെ വരവും കൂടിയിട്ടുണ്ട്.