ആശുപത്രികള്‍ സംബന്ധിച്ച പരാതികള്‍; മൂന്നംഗ സമിതി രൂപീകരിച്ചതായി സർക്കാർ
Thursday, August 21, 2025 7:04 AM IST
കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേരള ക്ലിനിക്കല്‍ എസ്റ്റാബിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണു സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
റിട്ട. അഡീ. നിയമ സെക്രട്ടറി എന്‍. ജീവനാണു സമിതി ചെയര്മാന്. റിട്ട. പോലീസ് സര്ജന് ഡോ.പി.ബി. ഗുജ്റാള്‍, കേരള മെഡിക്കല്‍ കൗണ്‍സില്‍ ലീഗല്‍ സെല്‍ ചെയര്‍മാനും ന്യൂറോളജിസ്റ്റുമായ ഡോ. വി.ജി. പ്രദീപ് കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ആശുപത്രികളില്‍ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി മൂന്നു മാസത്തെ സമയം തേടി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളടക്കമുളള ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ടു ആലപ്പുഴ സ്വദേശി ജി. സാമുവല്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.