ഹാറ്റ്സ് പദ്ധതിയോട് "പുറംതിരിഞ്ഞ്' പോലീസ് ഉദ്യോഗസ്ഥര്‍
സീമ മോഹന്‍ലാല്‍
Wednesday, August 20, 2025 8:43 PM IST
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ച ഹാറ്റ്സ് പദ്ധതിയോട് (ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ്) പുറംതിരിഞ്ഞ് പോലീസുകാര്‍. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരികനില മെച്ചപ്പെടുത്തുന്നതിനായി 2017-ല്‍ ഹാറ്റ്സ് പദ്ധതി ആരംഭിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യയ്ക്ക് കുറവൊന്നുമുണ്ടായില്ല.
ഇതോടെ ഈ പദ്ധതി കൂടുതല്‍ പോലീസുകാരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലം വിഷമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിളിക്കാനായി രണ്ടു മാസം മുമ്പ് 94979 01070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയെങ്കിലും ഇക്കാലയളവില്‍ ഇതിലേക്ക് വിളിച്ചത് 20 ഉദ്യോഗസ്ഥര്‍ മാത്രമാണ്.
ലഭിച്ച ഫോണ്‍കോളുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ്. ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ജൂലൈ മൂന്നു വരെയുള്ള കാലയളവില്‍ മലപ്പുറം എആര്‍ ക്യാമ്പ്, കോഴിക്കോട് സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഫോണ്‍കോളുകളും തിരുവനന്തപുരം സിറ്റിയില്‍ നിന്ന് രണ്ടു കോളുകളുമാണ് എത്തിയത്. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഹാറ്റ്സ് സൈക്കോളജിസ്റ്റിന്റെ കീഴില്‍ കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തി.
അതേസമയം മാനസിക സമ്മര്‍ദം അനുഭവിക്കുന്ന പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹാറ്റ്സിനെക്കുറിച്ച് ധാരണയില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്ക് ശമനമില്ലാതെ വന്നതോടെ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹാറ്റ്സ് പദ്ധതിക്കായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവര ശേഖരണവും നടത്തിയിരുന്നു.
പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ മാനസിക സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍, ജോലിസമ്മര്‍ദം, അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്, അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോം വഴി ശേഖരിച്ചു.
പഠന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പോലീസ് സ്റ്റേഷനുകളിലും മെന്റര്‍ എന്ന നിലയില്‍ ആ സ്റ്റേഷനിലെ ഒരു ഓഫീസറെ തന്നെ നിയമിച്ച് സംസ്ഥാന തലത്തില്‍ പരിശീലനം നല്കി. ജില്ലാ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെന്റര്‍മാരുടെ സഹായം തേടാനാകുമെങ്കിലും ആരും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം.
തുടര്‍ന്നാണ് രണ്ടു മാസം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 9497901070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി ഹാറ്റ്സിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് പദ്ധതികള്‍ ഉണ്ടെങ്കിലും പലരും അത് പ്രയോജനപ്പെടുത്തുന്നില്ലെന്ന് തിരുവനന്തപുരം ഡിഐജിയും സോഷ്യല്‍ പോലീസിംഗ് വിഭാഗം ഡയറക്ടറുമായ അജിത ബീഗം പറഞ്ഞു.
തിരുവനന്തപുരത്തെ ആസ്ഥാനത്ത് രണ്ട് കൗണ്‍സലര്‍മാരും ഒരു ഡോക്ടറും ഉള്‍പ്പെട്ട ടീം ആവശ്യക്കാര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനൊപ്പം ഓരോ ജില്ലകളിലും ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നുമുണ്ട്. എല്ലാ പോലീസ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനായി പ്രൊപോസല്‍ തയാറാക്കിയതായും ഡിഐജി പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 96 പേര്
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാനസിക സമ്മര്‍ദം മൂലം 96 പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറും നീലേശ്വരം സ്വദേശിയുമായ ആനന്ദ ഹരിപ്രസാദാണ് (49) ഒടുവിലത്തെ കണ്ണി. ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടിന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മദ്യപാനം, സാമ്പത്തിക പ്രതിസന്ധി, അമിതജോലി ഭാരം, കുടുംബപ്രശ്നങ്ങള്‍ ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.