വേടന്റെ അറസ്റ്റ് തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി
Wednesday, August 20, 2025 6:12 PM IST
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി.
കഴിഞ്ഞദിവസം വാക്കാല്‍ ഹൈക്കോടതി വേടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. എന്നാല്‍, ഇന്ന് അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. തിങ്കളാഴ്ചവരെയാണ് ജസ്റ്റീസ് ബെച്ചുകുര്യന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയുടെ അഭിഭാഷകയുമായി ഒരു ഘട്ടത്തില്‍ കോടതിക്ക് തര്‍ക്കിക്കേണ്ടിയും വന്നു.
നിയമപരമായ വാദങ്ങള്‍ മാത്രം ഉന്നയിക്കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകയെ ഹൈക്കോടതി താക്കീത് ചെയ്തു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവ കോടതിയില്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണിത്.
പരാതിക്കാരിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായത് വേടന് ഉപേക്ഷിച്ചുപോയതിനാല്‍ അല്ലെന്നും 2021ല്‍ തന്നെ പരാതികാരിക്ക് മാനസിക പിരിമുറുക്കമുണ്ടെന്നും അതിന് ചികിത്സ തേടിയിട്ടുണ്ടെന്നും വേടന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
ഇതിന് തെളിവായി വാട്സാപ്പ് ചാറ്റുകള്‍ കോടതിയില്‍ വേടന്റെ അഭിഭാഷകന് ഹാജരാക്കി. വേടന്റെ ജാമ്യഹര്‍ജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.