തെരുവുനായയെ രക്ഷിക്കാൻ വാഹനം വെട്ടിച്ചു; കാർ കയറിയിറങ്ങി പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം
Wednesday, August 20, 2025 1:56 AM IST
ലക്നോ: തെരുവുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുച്ചക്ര വാഹനം വെട്ടിച്ച സബ് ഇൻസ്പെക്ടറായ യുവതി കാർ ഇടിച്ചു മരിച്ചു.
കവി നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിച്ച സച്ചൻ (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
തെരുവുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുച്ചക്ര വാഹനത്തിന്റെ ബാലൻസ് തെറ്റി റോഡിൽ വീഴുകയായിരുന്നു. പിന്നിൽനിന്നു വന്ന ഒരു കാർ അവരുടെ മേൽ ഇടിച്ചുകയറി. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു – കവി നഗർ അഡീഷണൽ പോലീസ് കമ്മിഷണർ ഭാസ്കർ വർമ പറഞ്ഞു.
വിവരം ലഭിച്ചയുടനെ, പോലീസ് സംഘം സ്ഥലത്തെത്തി റിച്ചയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
കാൺപുർ നിവാസിയായ റിച്ച 2023 ലാണ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. ശാസ്ത്രി നഗർ ഔട്ട് പോസ്റ്റിന്റെ ചുമതല നിർവഹിച്ചിരുന്നു റിച്ച യുപിഎസ്സി പരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്നു.
അടുത്ത വർഷം റിച്ചയുടെ വിവാഹത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.