ശുചിമുറി ഉപയോഗിക്കുന്നതിനിടെ വാതിൽ ബലമായി തുറന്നു; ഇന്‍ഡിഗോ വിമാനത്തിലെ സഹപൈലറ്റിനെതിരെ യാത്രക്കാരി
Wednesday, August 20, 2025 12:07 AM IST
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് മുംബൈ സ്വദേശിനി. ശുചിമുറി ഉപയോഗിക്കുന്നതിനിടെ കോ-പൈലറ്റ് ബലംപ്രയോഗിച്ച് വാതില്‍ തുറന്നുവെന്നാണ് സേഫ്ഗോള്‍ഡ് സഹസ്ഥാപക റിയ ചാറ്റര്‍ജിയുടെ ആരോപണം.
ദുരനുഭവം ലിങ്ക്ഡ്ഇന്നിലുടെയാണ് റിയ പങ്കുവെച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായിരുന്നു ദുരനുഭവം ഉണ്ടായതെന്നും റിയ പറഞ്ഞു.
ആദ്യം ശുചിമുറി പൂട്ടിയപ്പോള്‍ ആരോ വാതിലില്‍ മുട്ടിയെന്ന് റിയ പറയുന്നു. അതിനോട് പ്രതികരിച്ചെങ്കിലും വീണ്ടും വാതിലില്‍ ആരോ മുട്ടി. ഇതിനിടെ ബലംപ്രയോഗിച്ച് വിമാനത്തിലെ കോ-പൈലറ്റ് വാതിൽ തള്ളിത്തുറന്നെന്നാണ് റിയയുടെ പരാതി.
തന്നെ കണ്ടതോടെ കോ-പൈലറ്റ് വാതില്‍ അടച്ചുവെന്നും അവർ പറയുന്നു. തനിക്ക് ഒരേസമയം ഞെട്ടലും അപമാനവുമുണ്ടായതായും വിമാനത്തിലെ വനിതാ ജീവനക്കാര്‍ സംഭവത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചതെന്നും റിയ പറഞ്ഞു.
കോ-പൈലറ്റ് ക്ഷമാപണം നടത്തിയെങ്കിലും തനിക്ക് അവിടെ നിന്ന് ഓടിരക്ഷപ്പെടാനാണ് തോന്നിയതെന്നും എന്നാല്‍ തുടര്‍ന്നും സീറ്റില്‍ ഒന്നരമണിക്കൂര്‍ തനിക്ക് തുടരേണ്ടിവന്നെന്നും റിയ ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു.
വീട്ടിലെത്തിയ ഉടനെ ഇന്‍ഡിഗോയുടെ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് തനിക്കുണ്ടായ ദുരനുഭവം വിശദീകരിക്കുന്ന ഇ-മെയില്‍ സന്ദേശം അയച്ചെന്നും റിയ പോസ്റ്റില്‍ പറയുന്നു. കോര്‍പ്പറേറ്റ് പദപ്രയോഗങ്ങളുള്ള മെയില്‍ സന്ദേശവും ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള ഏതാനും ഫോണ്‍ കോളുകളും മാത്രമായിരുന്നു ഇന്‍ഡിഗോയുടെ മറുപടിയെന്നും റിയ പോസ്റ്റിൽ പറഞ്ഞു.
നഷ്ടപരിഹാരം നൽകാനല്ല തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റെന്നും റിയ വ്യക്തമാക്കി. ഈ സംഭവം എയര്‍ലൈന്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സ്ത്രീകളിലും കുട്ടികളുള്ള മാതാപിതാക്കളിലും അവബോധം വളര്‍ത്തുന്നതിനാണെന്നും റിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ ക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ഒരു ക്രൂ അംഗത്തില്‍നിന്ന് അബദ്ധവശാല്‍ നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ഒരിക്കല്‍ക്കൂടി ക്ഷമചോദിക്കുന്നെന്ന് ഇന്‍ഡിഗോ പ്രതികരിച്ചു.
ഇന്‍ഡിഗോ ഉപഭോക്താക്കള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലുണ്ടാകുമെന്നും ഇന്‍ഡിഗോ പ്രതികരിച്ചു. ജീവനക്കാർക്ക് കൗൺസിലിംഗ് നൽകുകയും പരിശീലനം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഉറപ്പുനൽകി.
ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ ചിലര്‍ ഇന്‍ഡിഗോയുടെ ക്ഷമാപണത്തെയും വിമര്‍ശിച്ചു. വിമാനത്തിലെ ശുചിമുറികളില്‍ അകത്ത് ആളുണ്ടെന്ന് കാണിക്കുന്ന ഇന്ഡിക്കേറ്ററുകളുണ്ടെന്നും അതിനാല്‍ ക്രൂ അംഗത്തിന് അബദ്ധത്തില്‍ തെറ്റ് പറ്റിയതാകാമെന്ന് കരുതാനാവില്ലെന്നും ഉപയോക്താക്കൾ പറഞ്ഞു.