റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും; കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് കോടതി
Tuesday, August 19, 2025 5:31 PM IST
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും. ബുധനാഴ്ച കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിർദേശിച്ചു.
വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാൻ ശ്രമിച്ചപ്പോൾ താനുമായുള്ള ബന്ധം വേടൻ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയിൽ വാദിച്ചു. വേടൻ സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ വാദം ഉന്നയിച്ചു.
സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാൻ ആകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും ജഡ്ജി നിർദേശിച്ചു. വേടന് എതിരെ പരാതിയുമായി മറ്റു രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട് എന്ന വാദം പരാതിക്കാരി ഉന്നയിച്ചെങ്കിലും ക്രിമിനൽ പ്രോസിക്യൂഷനിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നും ഈ പരാതികളിൽ എഫ്ഐആർ ഇട്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
കോടതിയുടെ തിരക്ക് കൂടി കണക്കിലെടുത്ത് വാദം ബുധനാഴ്ചയും തുടരാൻ തീരുമാനിക്കുകയായിരുന്നു.