അഞ്ച് വിക്കറ്റുമായി കേശവ് മഹാരാജ്; ഓസ്ട്രേലിയയ്ക്കെതരിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
Tuesday, August 19, 2025 5:12 PM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 98 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 198 റൺസ് എടുക്കാനെ സാധിച്ചുള്ളു. 198 റൺസിൽ ഓസീസ് ഓൾഔട്ടാകുകയായിരുന്നു. ഓസീസ് നിരയിൽ 88 റൺസെടുത്ത നായകൻ മിച്ചൽ മാർഷിന് മാത്രമാണ് തിളങ്ങാനായത്. ബെൻ ഡ്വാർഷ്യസ് 33 റൺസും ഓപ്പണർ ട്രാവിസ് ഹെഡ് 27 റൺസും എടുത്തു.
അഞ്ച് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. ലുംഗി എൻഗിഡിയും നാൻഡ്രെ ബർഗറും രണ്ട് വിക്കറ്റ് വീതവും പ്രെനേളൻ സുബ്രയാൻ ഒരു വിക്കറ്റും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസെടുത്തത്. 82 റൺസെടുത്ത മാർക്രത്തിന്റെയും 65 റൺസെടുത്ത നായകൻ ബാവുമയുടെയും 57 റൺസെടുത്ത ബ്രീറ്റ്സ്കിന്റെയും മികവിലാണ് പ്രോട്ടീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ട്രാവിസ് ഹെഡ് നാല് വിക്കറ്റ് വീഴ്ത്തി. ബെൻ ഡ്വാർഷ്യസ് രണ്ട് വിക്കറ്റും ആദം സാംപ ഒരു വിക്കറ്റും എടുത്തു. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി. വെള്ളിയാഴ്ചയാണ് പരന്പരയിലെ രണ്ടാം മത്സരം.