ഓൺലൈൻ ഗെയിമിന് അടിമ; സ്കൂൾ ജീവനക്കാരൻ ജീവനൊടുക്കി
Monday, August 18, 2025 10:26 PM IST
മലപ്പുറം: ഓൺലൈൻ ഗെയിം ഒരു യുവാവിന്റെ കൂടെ ജീവനെടുത്തു. പോത്തുകൽ മുതുകുളം ഈട്ടിക്കൽ ടോണി കെ. തോമസി(27)ന്റെ ജീവനാണ് ഓൺലൈൻ ചൂതാട്ടത്തിൽ പൊലിഞ്ഞത്.
അച്ഛന്റെ മരണത്തോടെയാണ് ടോണി ഓൺലൈൻ ഗെയിം ചൂതാട്ടത്തിലേക്ക് വഴുതി വീണത്. ആദ്യം ഒന്നോ രണ്ടോ തവണ 1600 രൂപ വീതം ലഭിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
പിതാവ് കുഞ്ഞുമോൻ തോമസ് ജോലി ചെയ്തിരുന്ന പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ ടോണിക്ക് ഒന്നര വർഷം മുൻപാണ് പ്യൂൺ പോസ്റ്റിൽ ടോണിക്ക് നിയമനം ലഭിച്ചത്.
ജോലിക്ക് കയറിയെങ്കിലും ഓൺലൈൻ ഗെയിം ഹരമായി കൊണ്ടുനടന്നു. അധ്യാപകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ പണം കടം വാങ്ങി. പലപ്പോഴും ശമ്പളം വാങ്ങി കടം തിരിച്ചു കൊടുത്തു. പിന്നെയും വാങ്ങിയാണ് ഓൺലൈൻ ഗെയിം ചൂതാട്ടത്തിൽ തുടർന്നത്.
എന്നും രാവിലെ ടോണിയാണ് സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് പതിവ് സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ പ്രധാന കവാടം അടച്ചത് കണ്ട് മറ്റു ജീവനക്കാർ ടോണിയെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല.
ഇതേതുടർന്ന് സഹപ്രവർത്തകർ ടോണി താമസിക്കുന്ന ടൗണിലെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. മുറി അകത്തു നിന്ന് പൂട്ടിയതിനാൽ മറ്റൊരു താക്കോൽ ഉടമയിൽനിന്ന് വാങ്ങി തുറന്നപ്പോൾ മരിച്ച നിലയിൽ ടോണിയെ കണ്ടെത്തുകയായിരുന്നു.
ആറ് മാസം മുൻപ് വീട്ടുകാർ ഇടപ്പെട്ട് ടോണിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. മൂന്ന് മാസത്തെ അവധി എടുത്താണ് ടോണിയെ കൗൺസിലിംഗിന് വിധേയനാക്കിയത്. ശേഷം നിലമ്പൂരിൽ നിന്നും ടോണി പത്തനാപുരത്തേക്ക് വരുമ്പോൾ സാധാരണ ഫോൺ ആണ് വീട്ടുകാർ വാങ്ങികൊടുത്തു വിട്ടത്.
സ്കൂളിൽ ജോലിക്ക് പോകുമ്പോഴും ഇതേ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്ന് സഹപ്രവർത്തകരും പറയുന്നു.എന്നാൽ, ആരുമറിയാതെ ടോണി പത്തനാപുരത്ത് എത്തിയ ശേഷം ഗെയിമിനായി മറ്റൊരു ഫോൺ വാങ്ങി.
ടൗണിൽ നെടുമ്പറമ്പ് ജംഗ്ഷനോട് ചേർന്ന് ഒറ്റക്ക് ഒരു ഫ്ലാറ്റിൽ ആണ് ടോണി താമസം. കഴിഞ്ഞ രാത്രിയിൽ ടോണി താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമയായ ഷാനവാസിൽ നിന്ന് 2000 രൂപ കടംവാങ്ങിയിരുന്നു. ടോണിയുടെ റൂമിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘എനിക്ക് വയ്യ, എനിക്ക് ഇനി പഴയത് പോലെ ആകാൻ കഴിയുമെന്ന് തോന്നുന്നില്ല, എനിക്ക് പറ്റില്ല.. ദൈവമേ എന്തിനാ എനിക്ക് ഇങ്ങനെ വരുത്തിയത്'.
പിതാവ്: പരേതനായ കുഞ്ഞുമോൻ തോമസ്. മാതാവ്: മറിയാമ്മ തോമസ്. ടീന ഏക സഹോദരിയാണ്.