കത്ത് വിവാദത്തില്‍ നിന്നും സിപിഎം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
Monday, August 18, 2025 10:14 PM IST
കൊച്ചി: ചെന്നൈയിൽ താമസിക്കുന്ന മലയാളി വ്യവസായി സിപിഎം പിബിക്കും സംസ്ഥാന കമ്മിറ്റിക്കും നൽകിയ കത്തിലൂടെ പുറത്തുവന്നത് ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സിപിഎം നേതാക്കളും പ്രധാനപ്പെട്ട സിപിഎം നേതാവിന്റെ കുടുംബാംഗവും ഉൾപ്പെടെ നിരവധി പേർ സാമ്പത്തിക ഇടപാടിന്റെ ഭാഗമാണെന്നാണ് കത്തിൽ പറയുന്നത്. 2021-ൽ പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയെന്നു പറയുന്ന കത്ത് എന്തുകൊണ്ടാണ് പാർട്ടി ഇതുവരെ മൂടിവച്ചതെന്ന് വ്യക്തമാക്കണം.
കിംഗ്ഡം സെക്യൂരിറ്റി സർവീസ് എന്ന പേരിൽ ചെന്നൈയിൽ കമ്പനി രൂപവൽകരിച്ച് കോടിക്കണക്കിനു രൂപ എത്തിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നതാണ് കത്തിലെ പ്രധാന ആരോപണം.
ബാങ്ക് അക്കൗണ്ടുകൾ മുഖേനതന്നെ വൻതുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും വൻതുക കൈമാറ്റം ചെയ്യപ്പെട്ടു. പാർട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ആരോപണവിധേയനായ ആളുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും ബിസിനസ് ചെയ്യുന്നുണ്ടെന്നുമുള്ള ആരോപണം വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.