കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കൾ സേലത്തുനിന്ന് പിടിയിൽ
Monday, August 18, 2025 1:00 PM IST
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കൾ പിടിയിൽ. തമിഴ്നാട്ടിലെ സേലത്ത് നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നുതന്നെ ഇവരെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ഇരുവർക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും. കേസിൽ റമീസിന്റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേസിൽ പ്രതി ചേർക്കുന്നത്.
അതേസമയം, കേസിൽ നിലവിൽ റിമാൻഡിലുള്ള റമീസിനായി സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
യുവതി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.
ഈമാസം ഒമ്പതിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.