എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകര്‍ന്നു, അര്‍ധരാത്രി വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി
Monday, August 18, 2025 9:53 AM IST
കോഴിക്കോട്: എരഞ്ഞിപ്പറമ്പിൽ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ഇതോടെ, വെള്ളം രണ്ട് വീടുകളിലേക്ക് കുതിച്ചെത്തി.
പുലര്‍ച്ചെ 12.55ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയത്. വീടുകൾക്കു മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു.
30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണി 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതായിരുന്നു. ടാങ്കിന്റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്. പ്രദേശത്തെ 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണിയാണിത്.