സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Monday, August 18, 2025 7:36 AM IST
ന്യൂഡൽഹി: പരാതി ചോര്‍ച്ച വിവാദത്തിനിടെ സിപിഎം പിബി യോഗം ഇന്ന് ഡൽഹിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിനായി ഡൽഹിയിലേക്ക് തിരിച്ചു.
വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം ചേരുന്നത്. പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതിയാണ് ചോർന്നത്. ഇക്കാര്യം അജണ്ടയിലില്ലെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു.
വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ എം.എ. ബേബി അടക്കമുള്ള നേതാക്കൾ തയാറായില്ല. ബിഹാർ തെരഞ്ഞെടുപ്പ്, വോട്ട് കൊള്ള വിവാദം തുടങ്ങിയവയിലെ നിലപാട് തീരുമാനിക്കാനാണ് യോഗമെന്നു നേതാക്കൾ വിശദീകരിച്ചു.
കത്ത് ചോർച്ചക്ക് പിന്നിൽ എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എം.എം. ബേബിക്ക് കത്ത് നൽകി. മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്റെ പരാതിയിലായിരുന്നു.