സി.പി.രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി; തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒമ്പതിന്
Sunday, August 17, 2025 8:05 PM IST
ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. തമിഴ്നാട് സ്വദേശിയായ അദ്ദേഹം നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട് മുൻ ബിജെപി അധ്യക്ഷനായ സി.പി.രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേർന്നാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കഴിഞ്ഞ ജൂലൈ 21ന് രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ നേതാക്കളുടെ യോഗം തിങ്കളാഴ്ച രാവിലെ ചേരും. ഓഗസ്റ്റ് 22 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.