വോട്ട് കൊള്ള ആരോപണം; സത്യവാംഗ്മൂലം നൽകിയില്ലെങ്കിൽ രാഹുല്‍ മാപ്പ് പറയണം: തെരഞ്ഞെടുപ്പ് കമ്മീഷന്
Sunday, August 17, 2025 6:23 PM IST
ന്യൂഡൽഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കര്‍ശന നിലപാടുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാംഗ്മൂലം സമര്‍പ്പിക്കണം. അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും രാഹുലിനോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു.
രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഭരണഘടനയെ അപമാനിക്കുംവിധത്തിലുള്ളതാണ്. വോട്ട് ചോരി (വോട്ട് മോഷണം) എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലമാക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഒരു വേദിയായി ഉപയോഗിക്കുകയാണെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
ഒരു വോട്ടര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പരിശോധിക്കും. തെളിവുകളോ സത്യവാംഗ്മൂലമോ ഇല്ലാതെ 1.5 ലക്ഷം വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയയ്ക്കണോ. തെളിവുകളില്ലാതെ സാധുവായ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കില്ല. ഗുരുതരമായ വിഷയത്തില്‍ സത്യവാംഗ്മൂലം ഇല്ലാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും കമ്മീഷന് വ്യക്തമാക്കി.