പിഎം കുസും പദ്ധതിയില്‍ അനെര്‍ട്ടില്‍ 100 കോടി രൂപയുടെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
Sunday, August 17, 2025 2:24 PM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ അനെർട്ടിലെ സോളാർ പദ്ധതിയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനെർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരിയെ ഒന്നാം പ്രതിയാക്കിയാണ് പരാതി.
കേരളത്തിലെ കർഷകർക്ക് സൗജന്യമായി സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയിൽ അനെർട്ട് 100 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
പദ്ധതിയുടെ തുടക്കം മുതലുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ടെൻഡറുകളടക്കം അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ചെന്നിത്തല പരാതിയിൽ പറയുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.