നടന്നത് റിവേഴ്സ് ഹവാല: കത്ത് ചോര്‍ച്ചയിൽ പുറത്തുവന്നത് സിപിഎമ്മിന്റെ ആരും കാണാത്ത മുഖമെന്ന് സതീശൻ
Sunday, August 17, 2025 1:36 PM IST
കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെന്നൈ വ്യവസായി നല്കിയ കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും സിപിഎമ്മിന്റെ ആരും കാണാത്ത മുഖമാണ് പുറത്തുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് കത്തിലുള്ളത്. ഈ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി മൂടിവെച്ചതെന്ന് വ്യക്തമാക്കണം. കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തി എന്നാണ് മനസിലാക്കുന്നത്.
പാർട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ഇടപാടുകളിൽ പങ്കാളിയാണ്. റിവേഴ്സ് ഹവാല ഇടപാടാണ് നടന്നത്. സര്‍ക്കാര്‍ പദ്ധതികളിലാണ് സാമ്പത്തിക ഇടപാട് നടന്നത്. ഇതിലെ ദുരൂഹത പാര്‍ട്ടി തന്നെ അവസാനിപ്പിക്കട്ടെ. സത്യം പുറത്തു വരട്ടെയെന്നും വി.ഡി. സതീശൻ പറഞ്ഞു.