സപ്ലൈകോയിൽ വിലക്കുറവ്, ഓഗസ്റ്റ് 24 വരെ ഹാപ്പി അവേഴ്സ് ഓഫർ
Sunday, August 17, 2025 7:50 AM IST
തിരുവനന്തപുരം: ഓഗസ്റ്റ് 24 വരെ സപ്ലൈകോ വിൽപ്പന ശാലകളിൽ ഉത്പന്നങ്ങൾക്ക് വിലക്കുറവ്. ഓണത്തിന് മുന്നോടിയായി ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് വിലക്കുറവ് നൽകുന്നത്.
സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവിൽ വിവിധ ഉത്പന്നങ്ങൾക്ക് ലഭിക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉത്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ , മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.
500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി സപ്ലൈകോ ഇറക്കിയിട്ടുണ്ട്. 500 രൂപയുടെയോ 1000 രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപ്പനശാലകളിൽനിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.
ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകുന്നുണ്ട്.