ഭാര്യയുടെ ബന്ധുക്കളുമായി തർക്കം, യുവാവിനെ തൂണിൽ കെട്ടിയിട്ട് പുലർച്ചെ വരെ മർദനം
Saturday, August 16, 2025 9:06 AM IST
ഭുവനേശ്വര്‍: കുടുംബത്തർക്കത്തിന്റെ പേരിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് പുലർച്ചെ വരെ മർദിച്ചതായി പരാതി.
ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. കോടതിയിൽ കേസ് നിലനിൽക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജലന്ത ബാലിയാര്സിംഗിനാണ് മർദനമേറ്റത്. ഭാര്യ സുഭദ്ര മാല്ബിസോയെ ഇയാൾ പതിവായി മർദിക്കാറുണ്ട്. തുടർന്ന് പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ച് രണ്ടുപേരും പിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ഇതിനിടെ ഇയാൾ കോടതിയിലും പരാതി നൽകിയിരുന്നു.
ഇതിനിടെ ഭാര്യയുടെ ഗ്രാമത്തിൽ പലചരക്കു സാധനങ്ങൾ വാങ്ങിക്കാനെത്തിയ ഭർത്താവ് ഭാര്യയുടെ വീട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഭാര്യയുടെ ബന്ധുക്കൾ ഇയാളെ തൂണിൽ പിടിച്ചുകെട്ടുകയായിരുന്നു. പോലീസെത്തിയാണ് പിറ്റേന്ന് രാവിലെ ഇയാളെ മോചിപ്പിച്ചത്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.