രാജ്ഭവനിലെ അറ്റ്ഹോം വിരുന്ന് സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും, ചീഫ് സെക്രട്ടറി പങ്കെടുത്തു
Friday, August 15, 2025 11:21 PM IST
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിസഭയിൽനിന്ന് ആരും പരിപാടിയിൽ പങ്കെടുത്തില്ല.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിരുന്ന് സൽക്കാരത്തിൽനിന്ന് വിട്ടുനിന്ന സംഭവം. വിഭജനഭീതി ദിനം ആചരിക്കാനുള്ള സര്‍ക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുക അനുവദിച്ചത്. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്ഹോം പരിപാടി.