അമൃത് ഭാരത് 3.0 ട്രെയിനുകൾ വരുന്നു; എസി, നോൺ എസി കോച്ചുകൾ ഒരുമിപ്പിച്ചായിരിക്കും പുതിയ ട്രെയിൻ
Friday, August 15, 2025 9:52 PM IST
ന്യൂഡൽഹി: അമൃത് ഭാരത് 3.0 ട്രെയിനുകൾ നിർമിക്കാൻ പദ്ധതിയിട്ട് റെയിൽവേ മന്ത്രാലയം. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ആണ് ട്രെയിൻ വികസിപ്പിക്കുക. യാത്രാസുഖവും കുറഞ്ഞ യാത്രാനിരക്കും ഉറപ്പാക്കാൻ എസി, നോൺ-എസി കോച്ചുകൾ ഒരുമിപ്പിച്ചാണ് അമൃത് ഭാരത് 3.0 ട്രെയിനുകൾ വികസിപ്പിക്കുന്നതെന്ന് ഐസിഎഫ് ജനറൽ മാനേജർ യു. സുബ്ബ റാവു പറഞ്ഞു.
അമൃത് ഭാരത് 1.0, അമൃത് ഭാരത് 2.0 ട്രെയിനുകളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അമൃത് ഭാരത് എക്സ്പ്രസ് 3.0 ട്രെയിനുകളുടെ രൂപകൽപ്പന. 100 അമൃത് ഭാരത് ട്രെയിനുകൾ നിർമിക്കാനാണ് റെയിൽവേ പദ്ധതിയിട്ടിട്ടുള്ളത്.
നിലവിൽ രാജ്യത്തുടനീളം ആകെ എട്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടുന്നുണ്ട്. ദർഭംഗ-ആനന്ദ് വിഹാർ ടെർമിനൽ, മാൾഡ ടൗൺ-എസ്എംവിടി ബംഗളൂരു, മുംബൈ എൽടിടി-സഹർസ, രാജേന്ദ്ര നഗർ ടെർമിനൽ-ന്യൂഡൽഹി, ദർഭംഗ-ഗോമതി നഗർ, മാൾഡ ടൗൺ-ഗോമതി നഗർ, ബാപ്പുധാം മോത്തിഹാരി-ആനന്ദ് വിഹാർ ടെർമിനൽ, സീതാമർഹി-ഡൽഹി എന്നിവയാണവ.