തെരഞ്ഞെടുപ്പിലെ സുതാര്യത നഷ്ടമായാല്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത ഇല്ലാതാകും: പ്രഫ. കെ.വി. തോമസ്
Friday, August 15, 2025 8:57 PM IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ സുതാര്യത നഷ്ടമായാല്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാകുമെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്. സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഇതിനോടകം സാമ്പത്തിക, സാമൂഹിക, ശാസ്ത്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഇന്ത്യ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. നമ്മുടെ വളര്‍ച്ചയെ അസൂയയോടെ നോക്കുന്ന ചില വന്‍കിട രാജ്യങ്ങൾ സാമ്പത്തിക സമ്മര്‍ദങ്ങളിലൂടെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ശ്രമിക്കുന്നു. എന്നാല്‍ റഷ്യ പോലെയുള്ള ചിരകാല സുഹൃത്തുക്കള്‍ എന്നും നമ്മോടൊപ്പമാണ് നില്‍ക്കുന്നത്. അതിര്‍ത്തിക്ക് പുറത്തുനിന്നുള്ള ഏതു വെല്ലുവിളിയെയും നേരിടാനുള്ള കരുത്തും ശക്തിയും നമ്മുടെ സൈന്യത്തിനുണ്ടെന്നും കെ.വി. തോമസ് പറഞ്ഞു.
മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന സംരക്ഷണം യാതൊരു കാരണവശാലും ചോദ്യം ചെയ്യപ്പെടരുത്. ഏതൊരു പൗരനും ഭാഷ, മത വിശ്വാസങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.