സര്‍ക്കാരിന്റെ മറവില്‍ ഇഷ്ടക്കാര്‍ക്ക് എന്തും ചെയ്തു കൊടുക്കുന്ന അദൃശ്യശക്തി: പ്രതിപക്ഷ നേതാവ്
Friday, August 15, 2025 7:35 PM IST
കൊച്ചി: പോലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ആര്. അജിത്കുമാറിന് എതിരായ വിജിലന്‍സ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ക്ലീന്‍ചിറ്റ് നല്‍കാനുള്ള തീരുമാനമെടുത്തത് ഏത് ആദൃശ്യ ശക്തിയാണെന്നാണ് കോടതി ചോദിച്ചത്. പ്രതിപക്ഷം പറയുന്നതു പോലെ ഉപജാപക സംഘമെന്ന് പറയാന്‍ സാധിക്കാത്തതുകൊണ്ടാണ് കോടതി അദൃശ്യശക്തിയെന്ന് പറഞ്ഞതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
അജിത് കുമാറാണ് മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍എസ്എസ് നേതാവിനെ കണ്ടത്. സര്‍ക്കാരിന് വേണ്ടി വഴിവിട്ട നിരവധി കാര്യങ്ങളാണ് ഈ ഉദ്യോഗസ്ഥന് ചെയ്തത്. ആര്‍എസ്എസ് നേതാവിനെ കണ്ടെന്ന പ്രതിപക്ഷ ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് എല്ലാവരും സമ്മതിച്ചു. എല്ലാത്തിനും കൂട്ടുനിന്ന ഉദ്യോഗസ്ഥനെയാണ് മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചത്- സതീശൻ പറഞ്ഞു.
പാലാരിവട്ടം പാലത്തില്‍ എന്‍ജിനീയറിംഗ് പിഴവുണ്ടെന്ന റിപ്പോര്‍ട്ട് വന്നപ്പോഴാണ് പഞ്ചവടിപ്പാലമാണെന്നും അഴിമതിയാണെന്നും പറഞ്ഞ് അന്നത്തെ മന്ത്രിയെ കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ഇപ്പോള്‍ ഓരോ മാസവും ഓരോ പാലം വീഴുകയാണ്. 24 കോടി രൂപയുടെ പാലമാണ് ഇപ്പോള്‍ പുഴയില്‍ വീണത്. ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ എന്തുകൊണ്ടാണ് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാത്തതെന്ന പ്രതിപക്ഷ നേതാവ് ചോദിച്ചു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ബിജെപിയിലെ ഒരാള്‍ പോലും മിണ്ടിയിട്ടില്ല. ഗുരുതര ആരോപണം ഉണ്ടായിട്ടും പ്രധാനമന്ത്രി പോലും മിണ്ടിയിട്ടില്ല. ഏകാധിപതികളായ ഭരണാധികാരികള്‍ കൃത്രിമം നടത്തി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയിലുണ്ടായത്. തൃശൂരിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും നിരവധി ആരോപണങ്ങളുണ്ട്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്ലാ വോട്ടുകളും ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.