തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര സം​സ്ഥാ​ന​മാ​യി കേ​ര​ളം. ‘ഡി​ജി കേ​ര​ളം - സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ദ്ധ​തി’​യി​ലൂ​ടെ​യാ​ണ് ഈ ​ല​ക്ഷ്യം കൈ​വ​രി​ച്ച​ത്. 21ന് ​മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തും.

രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ദ്ധ​തി അ​തേ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്മാ​ർ​ട് ഫോ​ൺ ഉ​പ​യോ​ഗം, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം, സ​ർ​ക്കാ​ർ ഇ-​സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് പാ​ഠ്യ​വി​ഷ​യ​ങ്ങ​ൾ. ഒ​ന്ന​ര​ക്കോ​ടി​യി​ലേ​റെ (1,50,82,536) ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ സ​ർ​വേ​യി​ൽ 21,88,398 പേ​രെ പ​ഠി​താ​ക്ക​ളാ​യി ക​ണ്ടെ​ത്തി.

ഇ​വ​രി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 21,87,966 (99.98%) പ​ഠി​താ​ക്ക​ളി​ൽ 21,87,667 (99.98%) പേ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വി​ജ​യി​ച്ച് ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ച്ചു. 90 മു​ക​ളി​ൽ പ്രാ​യ​മു​ള്ള 15,223 പ​ഠി​താ​ക്ക​ളും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.