ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും കള്ളവോട്ട്: വി.എസ്. സുനിൽകുമാർ
Friday, August 15, 2025 6:17 AM IST
തൃശൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും കള്ളവോട്ടുകൾ ചേർത്തെന്നു സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം വി.എസ്. സുനിൽകുമാർ. ബിജെപിയുടെ പഴയ ജില്ലാ കമ്മിറ്റി ഓഫീസായ ദീൻദയാൽ സ്മൃതിമന്ദിരത്തിൽമാത്രം പത്തു വോട്ടുകൾ ചേർത്തു.
ബൂത്ത് നന്പർ 42ൽ പി.എൻ. നിഖിൽ, കെ.കെ. ബിജു, പി.എൽ. ബിനിൽ, സി. ഗോപകുമാർ, സെബാസ്റ്റ്യൻ വൈദ്യർ, അരുണ്‍ സി. മോഹൻ, കെ.പി. സുരേഷ് കുമാർ, സുശോഭ്, കെ. സുനിൽകുമാർ, വി.ആർ. രാജേഷ് എന്നിവരെയാണു ചേർത്തത്.
ഇതിൽ രണ്ടു വോട്ടുകൾക്ക് ഒഴികെ വീട്ടുനന്പർ ഇല്ല. പകരം ദീൻദയാൽ മന്ദിർ എന്നാണു വോട്ടർപട്ടികയിലുള്ളത്. സ്വന്തം പാർട്ടി ഓഫീസിന്റെ വിലാസത്തിൽതന്നെയാണു ചേർത്തിരിക്കുന്നത്. ഇവരാരും ഇവിടെ സ്ഥിരതാമസക്കാരല്ല.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മലപ്പുറം തിരൂർ സ്വദേശിയായ വി. ഉണ്ണികൃഷ്ണനു തൃശൂർ ജില്ലാ വൈസ് പ്രസിഡന്റിന്റെ വീട്ടുവിലാസത്തിലായിരുന്നു വോട്ട്. തൃശൂർ പൂരം കലക്കലിൽ നേതൃത്വം നൽകിയ ഉണ്ണികൃഷ്ണൻ വോട്ടർപട്ടിക കലക്കാനും നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമമായും നീതിരഹിതവുമായി നിർമിച്ച വോട്ടർപട്ടിക ഉപയോഗിച്ചാണ് ബിജെപി വിജയം കൈവരിച്ചത്. അതിനാൽ തെരഞ്ഞെടുപ്പുകമ്മീഷൻ വോട്ടർപട്ടിക റദ്ദാക്കണമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.