അസിം മുനീറിന്റെ ഭീഷണിയില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
Friday, August 15, 2025 3:08 AM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ ഭീഷണികളും വിദ്വേഷപരമായ പരാമര്‍ശങ്ങളും പതിവായി ഉയര്‍ത്തുന്ന പാക്കിസ്ഥാന് നേതൃത്വത്തിന് മുന്നറിയിപ്പുമായി ഇന്ത്യ. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ പാകിസ്താന് താങ്ങാനാവാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
സ്വന്തം പരാജയം മറച്ചുവക്കാനാണ് ഇന്ത്യാ വിരുദ്ധമായ പ്രസ്താവനകള്‍ പാക്കിസ്ഥാന് നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ഓപ്പറേഷന് സിന്ദൂറില്‍ കണ്ടതുപോലുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞയാഴ്ച പാക് സൈനിക മേധാവി അസിം മുനീര്‍ തന്റെ യുഎസ് സന്ദര്‍ശന വേളയില്‍ ഇസ്ലാമാബാദിന് നിലനില്‍പ്പ് ഭീഷണി നേരിട്ടാല്‍ മേഖലയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇത് ആരംഭിച്ചത്.