"പോലീസ് വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു'; വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം
Thursday, August 14, 2025 9:23 PM IST
കോല്‍ക്കത്ത: സാള്‍ട്ട് ലേക്കിന് സമീപം യുവാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം വൈകിട്ടാണ് സൗമന്‍ മണ്ഡലെന്ന 22കാരനായ ഡെലിവറി പ്രൊഫഷണല്‍ വാഹനാപകടത്തില്‍ മരിക്കുന്നത്.
അപകടം നടന്ന് 12 മണിക്കൂര്‍ പിന്നിട്ടിട്ടും സംഭവത്തില്‍ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്നാണ് കോല്‍ക്കത്ത പോലീസിനെതിരെ കുടുംബം രംഗത്തെത്തിയത്. സൗമന്റെ ജീവന് രക്ഷിക്കാന്‍ പോലീസ് വേണ്ടത്ര ശ്രമിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
സൗമന്‍ ഒരേസമയം ഡെലിവറി എക്സിക്യൂട്ടീവായും ബൈക്ക് ക്യാബ് റൈഡറായും ജോലി ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം സാള്‍ട്ട് ലേക്കിന് സമീപമുള്ള ഒരു ജംഗ്ഷനില്‍ ഒരു യാത്രക്കാരനൊപ്പം തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു.
ഗ്രീന്‍ സിഗ്നലിനായി ഇരുവരും കാത്തുനില്‍ക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന ഒരു കാര്‍ സൗമന്റെ ബൈക്കില്‍ ഇടിക്കുകയും റോഡിനടുത്തുള്ള ഇരുമ്പ് റെയിലിംഗിലേക്ക് വലിച്ചിഴക്കുകയും ചെയ്തു.
റെയിലിംഗിനും കാറിന്റെ ബോണറ്റിനും ഇടയില്‍ സൗമന്‍ കുടുങ്ങി. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം റെയിലിംഗി്റെ ഒരു കൂര്‍ത്ത ഭാഗം അദ്ദേഹത്തിന്റെ കാലില്‍ തുളച്ചുകയറിയാണ് സൗമന്‍ കുടുങ്ങിയത്.
കാറിലെ യാത്രക്കാരെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുടുങ്ങിയ സൗമനെ പുറത്തെടുക്കാനായിരുന്നില്ല. നിമിഷങ്ങള്‍ക്ക് ശേഷം കാര്‍ പൊട്ടിത്തെറിക്കുകയും സൗമന്‍ മരിക്കുകയും ചെയ്തു.
സൗമന്‍ പിറകില്‍ യാത്ര ചെയ്തിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.
സൗമന്റെ മരണം പോലീസിലെതിരെ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. യുവാവിനെ രക്ഷിക്കാന്‍ പോലീസ് വേണ്ടത്ര ശ്രമം നടത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സൗമനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീഡിയോകള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നുവെന്നും ചിലര്‍ ആരോപിച്ചു. ഫയര്‍ എഞ്ചിനുകള്‍ വളരെ വൈകിയാണ് എത്തിയതെന്നും ചിലര്‍ ആരോപിച്ചു.
പ്രതിഷേധം കൂടുതല്‍ ശക്തമാവുകയും അപകടസ്ഥലത്തേക്ക് അപകടസ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ എത്തിക്കേണ്ടി വരികയും ചെയ്തു.