കോ​ട്ട​യം: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്നു വീ​ടു​വി​ട്ട ഗൃ​ഹ​നാ​ഥ​നെ സ്‌​ഫോ​ട​ക വ​സ്തു പൊ​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ​ര്‍​കാ​ട് ഐ​രാ​റ്റു​ന​ട സ്വ​ദേ​ശി റെ​ജി​മോ​നെ (58) യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​യ​റ്റി​ല്‍ സ്‌​ഫോ​ട​ക വ​സ്തു കെ​ട്ടി​വ​ച്ചു പൊ​ട്ടി​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

ചൊവ്വാഴ്ച രാ​ത്രി 11നാ​ണു സം​ഭ​വം. കി​ണ​ര്‍ നി​ര്‍​മാ​ണ ജോ​ലി​ക്കാ​ര​നായ റെജിമോൻ രാ​ത്രി വൈ​കി​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഭാ​ര്യ വി​ജ​യ​മ്മ​യുമായി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടായി. പിന്നാലെ റെ​ജി​മോ​ന്‍ വീ​ടു​വി​ട്ടു പോ​വു​ക​യാ​യി​രു​ന്നു. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം വ​ലി​യ സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ടു ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണു ഇദ്ദേഹത്തെ വ​യ​റ് ത​ക​ര്‍​ന്നു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു മ​ണ​ര്‍​കാ​ട് പോ​ലീ​സി​ല്‍ അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​റ്റി​ല്‍ സ്‌​ഫോ​ട​ക വ​സ്തു കെ​ട്ടി വ​ച്ച് പൊ​ട്ടി​ച്ച​താ​ണ് എ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. തു​ട​ര്‍​ന്നു മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.