കോതമംഗലത്തെ യുവതിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
Wednesday, August 13, 2025 7:41 AM IST
കൊച്ചി: കോതമംഗലത്ത് യുവതി ജീവനൊടുക്കിയ കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. പെൺകുട്ടിയുടെ സഹോദരന്റെയും അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി.
റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. യുവതി റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും.
ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
അതേസമയം, പോലീസ് അന്വേഷണത്തിൽ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തുനൽകിയിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തനത്തിൽ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി.