രാഖി കെട്ടി മണിക്കൂറിനുള്ളിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കി; ബന്ധു പിടിയിൽ
Wednesday, August 13, 2025 2:32 AM IST
ലക്നോ: ഉത്തർപ്രദേശിൽ രാഖി കെട്ടി മണിക്കൂറുകൾക്ക് ശേഷം യുവാവ് പ്രായപൂർത്തിയാകാത്ത ബന്ധുവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി. ഔറയ്യയിലാണ് സംഭവം.
14കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുർജീത്ത്(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ, സുർജിത് തന്റെ അമ്മാവന്റെ വീട്ടിൽ പോയി സഹോദരിയെക്കൊണ്ട് രാഖി കെട്ടിച്ചു.
അതേദിവസം, ഇയാൾ മദ്യലഹരിയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിച്ചു. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിൽതന്നെ കെട്ടിത്തൂക്കി. സംഭവസമയം കുട്ടിയുടെ പിതാവ് വീട്ടിൽ ഉറങ്ങുകയായിരുന്നു. എന്നാൽ ഇയാൾ ഇതേക്കുറിച്ച് ഒന്നും അറിഞ്ഞില്ല.
തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം വീട്ടുകാർ കാണുന്നത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വീട്ടിലെത്തിയപ്പോൾ പലയിടത്തും രക്തക്കറ കണ്ടിരുന്നുവെന്നും സംഭവം ആത്മഹത്യയല്ലെന്ന് മനസിലായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പീഡനം സ്ഥിരീകരിച്ചതായും ഔറയ്യ പോലീസ് സൂപ്രണ്ട് അഭിജീത് ശങ്കർ പറഞ്ഞു.