തൃശൂരിൽ പോർവിളിയും സംഘർഷവും; പോലീസ് ലാത്തി വീശി
Tuesday, August 12, 2025 9:20 PM IST
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ തൃശൂരിൽ സിപിഎം - ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനു മുന്നിൽ സിപിഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി. സിപിഎം ഓഫീസിന് മുന്നിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും പോലീസ് ലാത്തി വീശുകയുമായിരുന്നു.
ലാത്തി ചാർജിൽ ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ജസ്റ്റിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് ബിജെപി - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയതോടെ സംഘർഷം രൂക്ഷമായി.
ബിജെപി ഓഫീസില്‍ നിന്ന് ആദ്യം പഴയനടക്കാവിലേക്കും അവിടെനിന്ന് തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷനു മുന്നില്‍ പ്രതിഷേധം അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതുപ്രകാരമാണ് പോലീസ് വിന്യാസമുണ്ടായിരുന്നത്.
പക്ഷേ ബിജെപി പ്രവര്‍ത്തകര്‍ പഴയനടക്കാവില്‍ നിന്ന് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനകത്തെത്തി. മാര്‍ച്ച് തടഞ്ഞതോടെ പോലീസുമായി ബിജെപി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി.
പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാര്‍ജിലേക്കും പ്രതിഷേധം വഴിവെച്ചു. കല്ലേറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതോടെ എംജി റോഡിലെ ബിജെപി ഓഫീസിന് സമീപത്തേക്ക് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി.
സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.