ആദ്യം അടിച്ചു പറത്തി, പിന്നെ എറിഞ്ഞിട്ടു; ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം
Tuesday, August 12, 2025 7:54 PM IST
ഡാര്വിന്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം. 53 റൺസിനാണ് പ്രോട്ടീസ് ഓസീസിനെ തറപറ്റിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 165 റൺസിന് എല്ലാവരും പുറത്തായി.
സ്കോർ: ദക്ഷിണാഫ്രിക്ക 218/7 ഓസ്ട്രേലിയ 165 (17.4). ടോസ് നേടിയ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 56 പന്തിൽ 125 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കരുത്ത് പകർന്നത്.
12 ഫോറുകളും എട്ടു സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രെവിസിന്റെ ഇന്നിംഗ്സ്. മൂന്നിന് 57 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പതറുമ്പോഴാണ് ബ്രേവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ട്രിസ്റ്റൻ സ്റ്റബ്സുമായി (22 പന്തിൽ 31) ചേർന്ന് 126 റൺസിന്റെ കൂട്ടുകെട്ടും ബ്രെവിസ് ഉണ്ടാക്കി.
ഓസീസിനായി ബെൻ ഡ്വാർഷുയിസും ഗ്ലെൻ മാക്സ്വെല്ലും രണ്ടുവിക്കറ്റ് വീതം നേടി. കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയായിക്കായി 24 പന്തിൽ 50 റൺസ് നേടിയ ടിം ഡേവിഡ് മാത്രമാണ് പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വേന മഫാകയും കോർബിൻ ബോഷും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഡെവാൾഡ് ബ്രെവിസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1 -1 ഒപ്പത്തിനൊപ്പമെത്തി.