സിന്‍ഡിക്കറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല: കേരള സാങ്കേതിക സര്‍വകലാശാല വിസിയുടെ ഹര്‍ജി ഹൈക്കോടതിയിൽ
Tuesday, August 12, 2025 11:22 AM IST
കൊച്ചി: സിന്‍ഡിക്കറ്റ് യോഗം ചേരാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ശിവപ്രസാദ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സിന്‍ഡിക്കേറ്റില്‍ പങ്കെടുക്കേണ്ട സുപ്രധാന സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ മനഃപൂര്‍വം പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. ശിവപ്രസാദ് കോടതിയെ സമീപിച്ചത്.
ധനകാര്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും രാഷ്ട്രീയപ്രേരിതമായി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നാണ് ആക്ഷേപം. ക്വാറം തികയാത്തതിനാല്‍ പലതവണ യോഗം മാറ്റിവയ്ക്കേണ്ടി വന്നത് സര്‍വകലാശാലയുടെ ദൈനംദിന പ്രവൃത്തികളെ ബാധിച്ചു എന്നും വിസി ചൂണ്ടിക്കാട്ടുന്നു.
2025 - 26 വര്‍ഷത്തെ ബജറ്റ് പാസാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇതോടെ ഡിജിറ്റല്‍ സേവനങ്ങളും ഇന്റര്‍നെറ്റ് കണക്ഷനും തടസപ്പെടുമെന്ന ആശങ്കയും വിസി ഹര്‍ജിയില്‍ ഉയര്‍ത്തുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാതെ മനഃപൂര്‍വം വിട്ടുനില്‍ക്കുന്നത് ചട്ടലംഘനമെന്ന് ഉത്തരവിടാനും, ഉദ്യോഗസ്ഥരോട് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.