അഹമ്മദാബാദ് വിമാനാപകടം; അമേരിക്കയില്‍ നഷ്ടപരിഹാരം തേടാനൊരുങ്ങി മരിച്ചവരുടെ കുടുംബം
Tuesday, August 12, 2025 3:17 AM IST
ന്യൂഡല്‍ഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ അമേരിക്കയില്‍ ബോയിംഗ് കമ്പനിയോട് നഷ്ടപരിഹാരം തേടാനൊരുങ്ങി മരിച്ചവരുടെ കുടുംബം. അപകടത്തില്‍ കൊല്ലപ്പെട്ട സ്വപ്നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരിയായ തൃപ്തി സോണിയാണ് അമേരിക്കയില്‍ നിയമ നടപടിക്കൊരുങ്ങുന്നത്.
അമേരിക്കന്‍ നിര്‍മിതമായ വിമാനത്തിന്റെ യന്ത്രതകരാറാണ് അപകടകാരണമെങ്കില്‍ ഇരകള്‍ക്ക് ബോയിംഗ് യുഎസ് നിയമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് വ്യോമയാന കാര്യങ്ങളിലെ പ്രമുഖ വ്യക്തിയായ മൈക്ക് ആന്‍ഡ്രൂസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്പന്ന ബാധ്യത നിയമം പ്രകാരമാണ് ബോയിംഗിനെതിരെ കേസ് നല്‍കുന്നതെന്ന് തൃപ്തി സോണി പറഞ്ഞു.
ഇന്ധന സംവിധാനം, ത്രോട്ടില്‍ നിയന്ത്രണം എന്നിവയില്‍ തകരാര്‍ കണ്ടെത്തിയാല്‍ അത് യുഎസില്‍ ബോയിംഗിനെതിരെ ഉത്പന്ന ബാധ്യതാ കേസിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് മൈക്ക് ആന്‍ഡ്രൂസ് പറയുന്നത്. ജൂണ്‍ 12നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ തകർന്നത്.