ജാർഖണ്ഡിൽ കൊടും കുറ്റവാളിയെ പോലീസ് വെടിവച്ചുകൊന്നു
Tuesday, August 12, 2025 1:09 AM IST
ഗൊദ്ദ: ജാർഖണ്ഡിൽ കൊടും കുറ്റവാളി സൂര്യ ഹൻസ്ദ എന്നയാളെ പോലീസ് വെടിവച്ചുകൊന്നു. പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ തിങ്കളാഴ്ച ഗൊദ്ദ ജില്ലയിൽ വച്ചായിരുന്നു സംഭവം.
ഞായറാഴ്ച അറസ്റ്റിലായ സൂര്യയെ അന്വേഷണത്തിന്റെ ഭാഗമായി വനമേഖലയിൽ കൊണ്ടുചെന്നപ്പോൾ ഇയാളുടെ കൂട്ടാളികൾ അപ്രതീക്ഷിതമായി പോലീസിനെ ആക്രമിച്ചു. അവസരം മുതലാക്കി രക്ഷപ്പെടാൻ ശ്രമിച്ച സൂര്യ പോലീസ് വെടിവയ്പിൽ കൊല്ലപ്പെടുകയായിരുന്നു.
2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബോറിയോ മണ്ഡലത്തിൽ നിന്ന് ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച ടിക്കറ്റിൽ ഇയാൾ മൽസരിച്ചിരുന്നുവെങ്കിലും ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
പക്ഷേ, 2019ൽ ഇതേ മണ്ഡലത്തിൽ ബിജെപി നോമിനിയായി മൽസരിച്ച് 59,441 വോട്ടുകൾ നേടിയിട്ടുമുണ്ട്. 2009ലും 2014ലും ഇവിടെനിന്നു ജാർഖണ്ഡ് വികാസ് മോർച്ച സ്ഥാനാർഥിയായി മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.