കർണാടക കോൺഗ്രസിൽ ഭിന്നത; മന്ത്രി കെ.എൻ.രാജണ്ണ രാജിവച്ചു
Monday, August 11, 2025 5:12 PM IST
ബംഗളൂരൂ: വോട്ടർ പട്ടിക ക്രമക്കേടിൽ കോൺഗ്രസ് നിലപാട് തള്ളിയ മന്ത്രി കെ.എൻ.രാജണ്ണ രാജിവച്ചു. ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങുകയായിരുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണെന്ന് കർണാടക സഹകരണ മന്ത്രി കെ.എൻ.രാജണ്ണ പറഞ്ഞത് വിവാദമായിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് മോഷണം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കിടെയാണ് രാജണ്ണയുടെ ഈ പരാമർശം. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്താണ് വോട്ടർ പട്ടിക തയാറാക്കിയത്.
എന്നാൽ കരട് ഘട്ടത്തിൽ എതിർപ്പ് ഉന്നയിക്കുന്നതിന് പകരം പാർട്ടി നേതാക്കൾ കണ്ണടച്ച് നിശബ്ദരായി ഇരുന്നെന്നും രാജണ്ണ പറഞ്ഞു. ഇതിനെതിരെ ഡി.കെ.ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം രാജിവച്ചത്.
വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് രാജണ്ണ.